ദേശീയപാതയിൽ കണ്ടോത്ത് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരിയും അന്നൂരിലെ യോഗേഷിൻ്റെ ഭാര്യയുമായ കെ.കെ.ഗ്രീഷ്മ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. മഹാദേവ ഗ്രാമത്തിലെ കെ.കെ. ഗീതയുടെയും മധുസൂദനൻ്റെയും മകളാണ്. ഇന്ന് രാവിലെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപമായിരുന്നു അപകടം.
സ്കൂട്ടറിൽ ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഗ്രീഷ്മയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസിലും എത്തിച്ചെങ്കിലും വൈകിട്ട് 4 മണിയോടെ ജീവൻ നഷ്ടപ്പെട്ടു.