കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. ബഹ്റൈനിൽനിന്ന് ഷാർജ വഴി എത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്ന 102 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവും യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആളും ഉൾപ്പെടെ നാലുപേർ പിടിയിലായി. സംഭവത്തിനിടെ പൊലീസുകാരെ കാറിടിച്ച് വീഴ്ത്താനും പ്രതികൾ ശ്രമിച്ചു. നാലുപേർ രക്ഷപ്പെട്ടതായും വിവരമുണ്ട്.
ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെ പിടികൂടി കസ്റ്റംസിന് കൈമാറി. സ്വർണം കവരാനെത്തിയ കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി. ബവിലേഷ് (40), പി. സായന്ത് (28) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
എമർജൻസി ലാമ്പിനുള്ളിലെ ബാറ്ററി കെയ്സിൽ 14 ചെറു ഷീറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു 816 ഗ്രാം സ്വർണം. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ ഇത് കണ്ടെത്തിയിരുന്നില്ല. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണം താമരശ്ശേരി സ്വദേശിയാണ് അഭിരാമിക്ക് കൈമാറിയതെന്നാണ് വിവരം.
വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ അഭിരാമിയും ഹർഷലും എത്തിയപ്പോഴാണ് ബവിലേഷും സംഘവും ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇവരെ നിരീക്ഷിച്ചിരുന്ന പൊലീസ് ഉടൻ ഇടപെട്ടു. പിടിയിലാകാതിരിക്കാൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ ചിലർ ഹോം ഗാർഡിൻ്റെ കൈയിൽ കടിച്ച് പരുക്കേൽപ്പിച്ചു. ഇതിനിടെ പൊലീസുകാരെ കാറിടിപ്പിക്കാനും ശ്രമമുണ്ടായി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കരിപ്പൂർ പൊലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.