പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ചാറ്റ് ചെയ്ത് അഭിരാമിനെ പ്രതികൾ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു. ഇന്നലെ മുതൽ അഭിരാമിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കസ്റ്റഡിയിലുള്ള രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ ഒരാൾക്ക് 17 വയസ്സാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.