പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി പിഎസ്സി സെക്രട്ടറി സാജു ജോർജ്. ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചെയർമാൻ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നുമാണ് സെക്രട്ടറിയുടെ മൊഴി.
പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ചെയർമാൻ കമ്മീഷനിൽ കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും പല കാര്യങ്ങളും സെക്രട്ടറിയെ അറിയിക്കാറില്ലെന്നും സാജു ജോർജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയുമായി ചേർന്നാണ് ചെയർമാൻ തീരുമാനങ്ങൾ എടുത്തിരുന്നതെന്നും മൊഴിയിലുണ്ട്.
സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെ പരീക്ഷാ തീയതികൾ മാറ്റിയതുൾപ്പെടെയുള്ള നടപടികൾ ചെയർമാൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെയും ചില കമ്മീഷൻ അംഗങ്ങളെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തിരുന്നുവെന്ന് മറ്റ് കമ്മീഷൻ അംഗങ്ങളും മൊഴി നൽകിയതായാണ് വിവരം. കേസിലെ പ്രതികളായ അഡീഷണൽ സെക്രട്ടറി ആർ. ഹരി, വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.