ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അമ്രോലി പൊലീസ് സ്റ്റേഷൻ പരിധിയിൽ രമേഷ്സിൻഹ് കൈലാഷ്സിൻഹ് രാജ്പുതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ കാജലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുജോലികളെച്ചൊല്ലി അച്ഛനും മകളും തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ പിതാവ് കാജലിൻ്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതയായ യുവതി കുക്കറിൻ്റെ അടപ്പുപയോഗിച്ച് പിതാവിൻ്റെ തലയ്ക്ക് പലതവണ അടിക്കുകയും അടുക്കളയിലെ കത്തിയുപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രമേഷ്സിൻഹ് വീടിന് പുറത്തേക്ക് നടന്നെങ്കിലും അൽപദൂരം പിന്നിട്ടതോടെ കുഴഞ്ഞുവീണു. വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ ആംബുലൻസ് വിളിച്ചെങ്കിലും സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അറസ്റ്റിലായ കാജൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.