തീവ്രചുഴലിക്കാറ്റായ ‘മുറസു’ ആന്ധ്രാപ്രദേശ് തീരം കടന്നു. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 19 വിമാനങ്ങളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കി. തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ തുടരുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ 3.30നും 5.30നും ഇടയിലാണ് മുറസു ആന്ധ്രാ തീരത്തെത്തിയത്. നെല്ലൂരിനും നർസാപൂരിനും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിക്ക് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങിയത്.
അതേസമയം, തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോടു ചേർന്നും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇതിൻ്റെ സ്വാധീനത്തിൽ നവംബർ 6 വരെ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.