മന്ത്രി റോജി എം.ജോണിനെതിരെ മഹാരാജാസ് കോളജിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പ്രിൻസിപ്പലിൻ്റെയും വൈസ് പ്രിൻസിപ്പലിൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരായ പ്രതിഷേധം.
മന്ത്രി വേദിയിൽ പ്രസംഗിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബാനറുകളുമായി മറ്റ് പ്രവർത്തകരും വേദിയിലേക്ക് എത്തിയതോടെ ചടങ്ങ് തടസ്സപ്പെട്ടു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു.
സസ്പെൻഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് ലാത്തിയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.