ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ ശോഭനമായ ഭാവിക്കും നന്മയ്ക്കുമായി ഒറ്റക്കെട്ടായി നിൽക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു.

ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിൻ്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നീതിയും സമത്വവും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26 ന് രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ഗവർണറോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തു.

Related Posts