രാജ്യതലസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പരേഡ് ആരംഭിച്ചു. കർത്തവ്യപഥിലെ ആഘോഷപരിപാടിയിൽ പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അവിടെ തയ്യാറാക്കിയിരുന്ന ഡിജിറ്റൽ സന്ദർശക ഡയറിയിൽ തൻ്റെ റിപ്പബ്ലിക് ദിന സന്ദേശം കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ തുടങ്ങിയവർ പടങ്ങിൽ പങ്കെടുത്തു.

റിപ്പബ്ലിക് ദിനാഘോഷത്തിനായി കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ത്രിവർണ പതാകയെ സല്യൂട്ട് ചെയ്തതിനുശേഷമാണ് പരേഡ് ആരംഭിച്ചത്. 300 കലാകാരന്മാർ അണിനിരന്ന സംഗീത സംഗമത്തോടുകൂടിയാണ് പരേഡിന് തുടക്കമായത്. സാംസ്ക്‌കാരിക വകുപ്പാണ് വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള സംഗമം തയ്യാറാക്കിയത്. ‘സ്വർണിം ഭാരത്: വിരാസത് ഓർ വികാസ്’ എന്ന പ്രമേയത്തിൽ 31 ടാബ്ലോകൾ ആണ് പരേഡിൽ പങ്കെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായി 5000 കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഇപ്രാവശ്യം ഉണ്ട്.

10.000 ഓളം അതിഥികളാണ് ചടങ്ങ് കാണാനെത്തിയത്. 90 മിനിട്ട് നേരത്തേക്കാണ് പരേഡ് നടക്കുക. 190 അംഗങ്ങളുടെ ഇന്തോനേഷ്യൻ സൈനിക ബാൻഡ്, 152 അംഗങ്ങൾ ഉൾപ്പെടുന്ന ഇന്തോനേഷ്യൻ സേന എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി ഒരുക്കി. ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും നാവികസേനയുടെയും പരേഡ് സംഘവും അണിനിരന്നു.

Related Posts