സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ദുർബലമായിരുന്ന കാലവർഷം വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഒഡീഷ തീരത്തോട് ചേർന്ന ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും, ഗുജറാത്ത് തീരത്ത് രൂപപ്പെടാൻ സാധ്യതയുള്ള മറ്റൊരു ന്യൂനമർദവും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
ഇതിനുപുറമെ, ഗുജറാത്ത് മുതൽ കേരളം വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ പാത്തിയും കാലവർഷത്തെ വീണ്ടും സജീവമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇതിൻ്റെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയുടെ ശക്തി വർധിക്കാനാണ് സാധ്യത.
മലയോര മേഖലയിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.