കാലടി സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം. നാളെ തന്നെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് വിദ്യാർത്ഥികളുടെ നീക്കം. നാളെ മുതൽ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. മതിയായ ഹാജരില്ലാത്തത് പരീക്ഷ എഴുതുന്നതിന് തടസമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
വൈസ് ചാൻസലർ സി.എസ്. തോമസും സർവകലാശാലയും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജരുണ്ടോയെന്ന് പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് പരീക്ഷ എഴുതാൻ അനുമതി നൽകിയതെന്ന് സർവകലാശാല വാദിച്ചു. പിഴയടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധിയും കഴിഞ്ഞതായി വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.
സർവകലാശാലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിനെത്തുടർന്നാണ് 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. 60 ദിവസത്തിലേറെയായി ഇവർ സസ്പെൻഷനിലാണ്. മാപ്പപേക്ഷ നൽകിയാൽ 16 പേരിൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സിൻഡിക്കേറ്റ് അറിയിച്ചിട്ടുള്ളത്.
ഡിവിഷൻ ബെഞ്ച് പരീക്ഷാ അനുമതി നിഷേധിച്ചതോടെ വിദ്യാർത്ഥികളുടെ തുടർനടപടികൾ നിർണായകമായിരിക്കുകയാണ്. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടലിലൂടെ പരീക്ഷ എഴുതാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.