ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിൽ കൊച്ചുമക്കളെ സ്കൂളിൽ എത്തിക്കാൻ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന വെങ്കട്ടണ്ണ (67) എന്ന വയോധികൻ വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയിടിച്ച് മരിച്ചു.

വെങ്കട്ടണ്ണ തൻ്റെ രണ്ട് കൊച്ചുമക്കളായ ശ്രാവണി (12), വർധൻ (7) എന്നിവരെ സ്കൂളിൽ പോകുകയായിരുന്നു. ഒരു ജംഗ്ഷനിൽ തിരിയുന്നതിനിടെ ടാങ്കർ ലോറി ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വെങ്കട്ടണ്ണയുടെ ദേഹത്തിലൂടെ ടാങ്കർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു.

അപകടത്തിൽ കൊച്ചുമക്കൾക്ക് നിസാര പരിക്കേറ്റെങ്കിലും വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നഗരത്തിലെ ഭാരവാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്. വെങ്കട്ടണ്ണയുടെ മകൻ വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്ക ട്രാഫിക് പൊലീസ് കേസെടുത്ത് ടാങ്കർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts