നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതിയിൽ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നു കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.

വിപിൻ കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ പോലീസിനെ സമീപിച്ചത്. മാർക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ​ഗെറ്റ് ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ആ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണ്.

നിർമ്മാതാക്കളായ ശ്രീ​ഗോകുലം മൂവീസ് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിൻ്റെ ചിത്രത്തെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് വിദ്വേഷമുണ്ടാക്കി.

കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. താടിയിലാണ് ആദ്യം മർദിച്ചത്. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. തൻ്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.

Related Posts