തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. അർച്ചന ഭർതൃവീട്ടിൽ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ഭർത്താവ് അവളെ ഉപദ്രവിച്ചിരുന്നെന്ന് പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറഞ്ഞു. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. – ഹരിദാസ് പറഞ്ഞു.

ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അർച്ചനയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അർച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോൺ ചെയ്യാൻ മകളെ സമ്മതിക്കില്ലായിരുന്നു. അവൾക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകൾ ഞാൻ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോൺ. ഈ ബന്ധം വേണ്ടെന്നു മുൻപേ പറഞ്ഞതാണ്. മകളെ നിരന്തരം അവൻ ഭീഷണിപ്പെടുത്തിയിരുന്നു- ഹരിദാസ് പറയുന്നു.

ഗർഭിണിയായിരുന്ന അർച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിൻ്റെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഷാരോണിൻ്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടത്.

Related Posts