മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി പിടിയിലായി. പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തവേ, അസം കരിംഗഞ്ച് സ്വദേശി അബ്ദുർ റഹ്മാൻ (27) ആണ് ആക്രമണം നടത്തിയത്. തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ അക്രമാസക്തനാകുകയായിരുന്നു. ശാരദയെ തള്ളിയിട്ട ഇയാൾ വസ്ത്രം കീറുകയും മുഖത്തു മാന്തുകയും ചെയ്തു. കൂടുയുണ്ടായിരുന്ന മറ്റു 2 ടിടിഇമാർ ശാരദയുടെ രക്ഷയ്ക്കെത്തിയതോടെ അവരെയും ആക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീടു പെരമ്പൂർ ഗവ. റെയിൽവേ പൊലീസിനു കൈമാറി. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തെ തുടർന്ന്, ടിക്കറ്റ് പരിശോധകർക്കു തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പെരമ്പൂർ, എഗ്മൂർ, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളിൽ ടിടിഇമാർ പ്രതിഷേധിച്ചു.