ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലാകും അറിയപ്പെടുക. ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ള കാലാവസ്ഥാ പ്രതിഭാസത്തിൻ്റെ സ്വാധീനഫലമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തമായ ന്യൂനമർദം തുടരുകയാണ്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകിട്ടോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തുമെന്നാണ് പ്രവചനം.

കേരളത്തിൽ നവംബർ ഒന്നു മുതൽ നാലുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലകളിലെ യെല്ലോ അലർട്ട്

  • നവംബർ 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
  • നവംബർ 2: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
  • നവംബർ 3: കോഴിക്കോട്, വയനാട്, കണ്ണൂർ.
  • നവംബർ 4: കണ്ണൂർ, കാസർകോട്.
    ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അതേസമയം, അതിശക്തമായ ചുഴലിക്കാറ്റായ അർണബിയുടെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി തുടരുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽനിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തെ ചക്രവാതച്ചുഴിയിലേക്ക് ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Posts