യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഈ തീരുമാനം മലയാള സിനിമാ മേഖലയ്ക്ക് പുതിയ ഊർജവും വളർച്ചയ്ക്കുള്ള വലിയ അവസരങ്ങളും സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ – സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥിനും മോഹൻലാൽ നന്ദി രേഖപ്പെടുത്തി.
ബജറ്റിൽ മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി.ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ സാംസ്കാരിക-സിനിമാ വികസനത്തിനായി സമഗ്ര പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി, നടൻ സലിം കുമാറിൻ്റെ സ്മരണയ്ക്കായി കൊച്ചിയിൽ സ്മാരകം, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി-പൈറസി സെൽ എന്നിവയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലുണ്ട്.

മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

‘പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി.വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി’

Related Posts