വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരം നോർത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി റൂട്ടിലും തിരിച്ചുമായി രണ്ട് സർവീസുകൾ വീതമാണ് ദക്ഷിണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന സർവീസിൻ്റെ റിസർവേഷൻ ആരംഭിച്ചു.
തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി സ്പെഷ്യൽ എക്സ്പ്രസ് (06115) ഓഗസ്റ്റ് 29നും സെപ്റ്റംബർ അഞ്ചിനും സർവീസ് നടത്തും. 29ന് വൈകിട്ട് 7.35ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.40ന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണി–തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06116) ഓഗസ്റ്റ് 30നും സെപ്റ്റംബർ ആറിനുമാണ് സർവീസ് നടത്തുക. 30ന് വൈകിട്ട് 7.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപ്പട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ പ്രധാന സ്റ്റോപ്പുകളുണ്ടാകും.
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ചുള്ള അധിക യാത്രാത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്. നേരത്തെ എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി റൂട്ടിലും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലാണ് ഈ സർവീസ് നടത്തുക.