പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സംയുക്ത ജല ക്രമീകരണ ബോർഡ് യോഗം അടിയന്തരമായി വിളിച്ചുചേർക്കും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം വിളിക്കാനുള്ള ചുമതല കേരളത്തിന് നൽകി. സംയുക്ത ജല ക്രമീകരണ ബോർഡ് ചെയർമാനും അന്തർസംസ്ഥാന നദീജല കരാറുകളുടെ ചുമതലയുള്ള കേരള ചീഫ് എൻജിനിയറുമായ ആർ. പ്രിയേഷിനാണ് യോഗം വിളിക്കാനുള്ള ചുമതല.
കടുത്ത വരൾച്ചയെ തുടർന്ന് രണ്ടാംവിള കൃഷിയിറക്കാൻ കഴിയാതെ കർഷകർ നേരിടുന്ന പ്രതിസന്ധി വിവിധ എംഎൽഎമാർ മുഖ്യമന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ അടിയന്തര യോഗം വിളിച്ചത്.
കേരളവും തമിഴ്നാടും തമ്മിലുള്ള പറമ്പിക്കുളം–ആളിയാർ കരാർ പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകൾക്കും തുടക്കമിടും. കേരളം മുന്നോട്ടുവയ്ക്കേണ്ട ആവശ്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ടാംവിള കൃഷിക്ക് ആവശ്യമായ ജലലഭ്യത പരിശോധിക്കുന്നതിനുള്ള പിഎസി യോഗം ഇന്ന് വൈകിട്ട് നാലിന് പാലക്കാട് ചേരും. കാവേരിയിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം സംബന്ധിച്ച നിലവിലെ സാഹചര്യവും സർക്കാർ പരിശോധിക്കും. അന്തർസംസ്ഥാന ചർച്ചകളിലൂടെ ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്താനാണ് തീരുമാനം.