മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ തുടർന്ന് യുവതിയുടെ വയറ്റിനുള്ളിൽ സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും മറന്നുവച്ചെന്നാണ് പരാതി. ബീഡ് സ്വദേശിനിയായ സന്ധ്യ ഗയ്ക്‌വാർഡാണ് (19) ദുരിതത്തിലായത്. ഓഗസ്റ്റ് ഒന്നിന് പ്രസവത്തിനായി ബീഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയെ സിസേറിയന് വിധേയയാക്കി. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയതുമുതൽ കടുത്ത വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. വേദന ക്രമേണ അസഹനീയമായതോടെ ബന്ധുക്കൾ സന്ധ്യയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച സാധനങ്ങൾ അവശേഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് സന്ധ്യയെ അടിയന്തര ചികിത്സയ്ക്കായി പുണെയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ ശസ്ത്രക്രിയയിൽ വയറിനുള്ളിൽ കുടുങ്ങിക്കിടന്ന സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും നീക്കം ചെയ്തു.

സംഭവത്തെ തുടർന്ന് ബീഡ് ജില്ലാ ആശുപത്രിക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സന്ധ്യയുടെ ആരോഗ്യനില ഇപ്പോഴും മോശമാണെന്നും സ്വന്തം കുഞ്ഞിനെപ്പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഭർത്താവ് ആരോപിച്ചു.

കുടുംബം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെ ഇത്തരം ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.

Related Posts