അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ നിരീക്ഷണപരിധി മുൻകൂട്ടി പഠിച്ചശേഷമാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.

പോലീസ് വിവരമനുസരിച്ച്, ക്യാമറകൾ എത്താത്ത ഭാഗങ്ങളിലൂടെയാണ് പ്രതികൾ നീങ്ങിയത്. ചിലയിടങ്ങളിൽ കറുത്ത ബാഗുകൾ ഉപയോഗിച്ച് ക്യാമറകളുടെ കാഴ്ച മറച്ചശേഷം പണം പുറത്തേക്ക് കടത്തുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. എണ്ണൽമുറിയിൽ നിന്ന് എടുത്ത പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ബാത്ത്റൂമുകളിൽ ഒളിപ്പിച്ചുവെച്ചശേഷം, അവസരം ലഭിക്കുമ്പോൾ ചെറിയ തുകയായി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും പ്രതികൾ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണരീതിയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളും സംബന്ധിച്ച നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാണിക്ക എണ്ണുന്ന മുറിയുടെ ഒരു താക്കോൽ ബാങ്ക് ഉദ്യോഗസ്ഥരുടെയും മറ്റൊന്ന് കേസിലെ പ്രതിയായ രാമശങ്കർ യാദവിൻ്റെയും കൈവശമായിരുന്നതിനാൽ സംശയം ഉയരാതെയാണ് മോഷണം നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

മോഷ്ടിച്ച പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമിയും വീടുകളും വാങ്ങിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ പ്രതിയുടെ വീട്ടിൽ നിന്ന് 58 ലക്ഷം രൂപ ട്രസ്റ്റ് അധികൃതർ കണ്ടെത്തിയതായും ശേഷിച്ച തുക ബാങ്ക് വഴിയാണ് തിരിച്ചുനൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിൽ ദീർഘകാലം മോഷണം നടന്നത് എങ്ങനെയാണെന്നും കൂടുതൽ പേർ ഇതിൽ പങ്കാളികളായിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ പ്രധാന ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും സ്ഥാനമൊഴിഞ്ഞിരുന്നു.

Related Posts