100 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിൻ്റെ വീടുകളിൽ റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വീടുകളിലാണ് തമിഴ്നാട് പൊലീസിൻ്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) സംഘം പരിശോധന നടത്തുന്നത്.

സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ കോഴ ഇടപാട് നടന്നെന്ന കേസിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് ജൂണിൽ ഡിഎംകെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായാണ് അൻപിൽ മഹേഷിൻ്റെ വീടുകളിൽ പരിശോധന നടത്തുന്നതെന്നാണ് സിസിബി വ്യക്തമാക്കിയത്.

അഴിമതി നിരോധന നിയമപ്രകാരം അൻപിൽ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സിസിബി അറിയിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

അതേസമയം, നടപടിയെ രാഷ്ട്രീയവേട്ടയെന്ന് വിശേഷിപ്പിച്ച് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. വിജയ് സർക്കാരിൻ്റെ ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സ്റ്റാലിൻ്റെ ആരോപണം. ഈ ആരോപണത്തോട് സർക്കാർ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.

ഉദയനിധി സ്റ്റാലിൻ്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന അൻപിൽ മഹേഷിനെ തിരുച്ചി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Posts