ജോലി ചെയ്യാതെ മാസം 70,000 രൂപ ശമ്പളം കൈപ്പറ്റിയെന്ന പരാതിയിൽ കർണാടകയിലെ ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത യാരഗലിനെതിരെ അന്വേഷണം. സർക്കാർ നിയന്ത്രണത്തിലുള്ള നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതായാണ് രേഖകളിലുള്ളതെങ്കിലും, അങ്കിത ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
നമ്മ ക്ലിനിക്കിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നതിനിടെ ബിരുദാനന്തര പഠനം നടത്തിയെന്നാണ് ആരോപണം. മാർച്ച് 3 മുതൽ സെപ്റ്റംബർ വരെ അങ്കിത ജോലിക്ക് ഹാജരായില്ലെന്നും ഇതുമൂലം ആശുപത്രിയിൽ മെഡിക്കൽ ഓഫീസറുടെ സേവനം ലഭ്യമായില്ലെന്നും ബഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഗജനൻ ബാലെ നൽകിയ നോട്ടീസിൽ പറയുന്നു.
വിഷയത്തിൽ വിശദീകരണം തേടി അങ്കിതയെ ചോദ്യം ചെയ്യലിന് വിളിച്ചിരുന്നെങ്കിലും അവർ ഹാജരായില്ല. തുടർന്ന് സെപ്റ്റംബർ 18ന് നടക്കുന്ന അടുത്ത ചോദ്യം ചെയ്യലിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
കർണാടകയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ പ്രൊഫഷണൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായും നോട്ടീസിൽ പരാമർശിക്കുന്നു.
അനുമതിയില്ലാതെ ഒരേസമയം രണ്ട് ജോലികളിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ, ബന്ധപ്പെട്ട കാലയളവിൽ കൈപ്പറ്റിയ ശമ്പളവും ഓണറേറിയവും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോപണങ്ങളെ തുടർന്ന് ജില്ലാ ഹെൽത്ത് ഓഫീസർ രാജ്കുമാർ യാരഗൾ അങ്കിതയെ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്. ആരോപണങ്ങളിൽ അങ്കിതയുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.