കർണാടക മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ആദ്യമായി മംഗളൂരുവിൽ ചേരും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തീരദേശ, മലനാട് മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ചർച്ച ചെയ്യും. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്നാണ് മംഗളൂരുവിൽ മന്ത്രിസഭായോഗം സംഘടിപ്പിക്കുന്നത്. തുറമുഖം, അടിസ്ഥാന സൗകര്യം, മത്സ്യബന്ധനം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് യോഗത്തിൽ പരിഗണന ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

തീരദേശ-മലനാട് മേഖലകളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി മലനാട് ടൂറിസം കോർപറേഷൻ രൂപീകരിക്കുന്നതും പ്രധാന പ്രതീക്ഷകളിലൊന്നാണ്. മണലൂറ്റൽ, ലാറ്ററൈറ്റ് ഖനനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക നയം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, തുളുവിന് കർണാടകയുടെ ഔദ്യോഗിക ഭാഷാ പദവി നൽകണമെന്ന ദീർഘകാല ആവശ്യവും യോഗത്തിന് മുന്നോടിയായി ശക്തമായിട്ടുണ്ട്. വിവിധ തുളു സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളും ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

തീരദേശ മേഖലയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് പ്രാദേശിക തലത്തിൽ തീരുമാനങ്ങളെടുക്കുകയാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts