നമ്മ മെട്രോയുടെ യെല്ലോ ലൈൻ തമിഴ്‌നാട് അതിർത്തിവരെ നീട്ടാൻ പദ്ധതി. ബൊമ്മസാന്ദ്രയിൽ നിന്ന് അത്തിബെലെ വരെ 10.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയും ഒമ്പത് സ്റ്റേഷനുകളുമാണ് പദ്ധതിയിലുള്ളത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് പ്രകാരം ബൊമ്മസാന്ദ്രയിൽ നിന്ന് തമിഴ്നാട് ഭാഗത്തേക്കുള്ള പ്രധാന നഗരപ്രാന്തമായ അത്തിബെലെ വരെയായിരിക്കും പാത നീളുക.

നിലവിലെ യെല്ലോ ലൈൻ ടെർമിനൽ സ്റ്റേഷനായ ബൊമ്മസാന്ദ്രയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ തെക്കായി നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലാണ് ആദ്യ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നത്. തുടർന്ന് ചന്ദാപുര സർക്കിൾ, ഹാലെ (ഓൾഡ്) ചന്ദാപുര, തിരുമഗൊണ്ടനഹള്ളി, ബാലഗരനഹള്ളി, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, യാദവനഹള്ളി, അത്തിബെലെ, അത്തിബെലെ ടെർമിനൽ എന്നിവിടങ്ങളിലായി സ്റ്റേഷനുകൾ വരും.

ബാലഗരനഹള്ളി സ്റ്റേഷനിലൂടെ നേരലൂർ, ചന്ദാപുര, മസൂർ, സൂര്യനഗർ തുടങ്ങിയ പ്രദേശങ്ങൾക്കും യാദവനഹള്ളി സ്റ്റേഷനിലൂടെ ജിഗള, ഗിദ്ദേനഹള്ളി, കൃഷ്ണസാഗര മേഖലകൾക്കും സേവനം ലഭിക്കും.

വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഹൊസൂർ റോഡിൻ്റെ (NH 44) വലതുവശത്തുകൂടിയാണ് മെട്രോ പാത നിർദേശിച്ചിരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഫുട് ഓവർബ്രിഡ്ജുകളും സബ്‌വേകളും വഴി സമീപപ്രദേശങ്ങളുമായി സ്റ്റേഷനുകളെ ബന്ധിപ്പിക്കും.

സാധ്യതാ പഠനം സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായും വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയതായും BMRCL വൃത്തങ്ങൾ അറിയിച്ചു. DPR തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. അതേസമയം, ഹൊസൂർ–ബൊമ്മസാന്ദ്ര 23 കിലോമീറ്റർ മെട്രോ പാത നിർമിക്കാനുള്ള പദ്ധതിയുമായി തമിഴ്‌നാടും മുന്നോട്ട് പോകുകയാണ്. 12 സ്റ്റേഷനുകളുള്ള ഈ പാതയിൽ 12 കിലോമീറ്റർ കർണാടകയിലും 11 കിലോമീറ്റർ തമിഴ്നാട്ടിലുമായിരിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഇരു സംസ്ഥാനങ്ങളിലെയും മെട്രോ സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ കർണാടക സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബെംഗളൂരു മെട്രോയിൽ 750V DC തേർഡ്-റെയിൽ ട്രാക്ഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട് 25kV AC ഓവർഹെഡ് കാറ്റനറി സംവിധാനമാണ് നിർദേശിച്ചിരിക്കുന്നത്. ബെംഗളൂരു ആറു കോച്ചുള്ള ട്രെയിനുകൾ ഉപയോഗിക്കുമ്പോൾ തമിഴ്‌നാട് മൂന്ന് കോച്ചുള്ള ട്രെയിൻസെറ്റുകളാണ് നിർദേശിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഭൂമി ഏറ്റെടുക്കൽ ആരുടെ ചുമതലയിലായിരിക്കുമെന്നും രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ ടിക്കറ്റ് വരുമാനം എങ്ങനെ പങ്കിടുമെന്നും സംബന്ധിച്ചും വ്യക്തതയില്ല.

നിലവിലെ സാഹചര്യത്തിൽ കർണാടകയും തമിഴ്‌നാടും അതത് ഭാഗങ്ങളിൽ അതിർത്തിവരെ മെട്രോ പാത നിർമിച്ച് അത്തിബെലെയിലെ രണ്ട് സ്റ്റേഷനുകളെ 90 മീറ്റർ നീളമുള്ള ഫുട് ഓവർബ്രിഡ്ജ് വഴി ബന്ധിപ്പിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗമെന്നാണ് BMRCL വിലയിരുത്തുന്നത്.

Related Posts