ബെംഗളൂരുവിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഉദ്യോഗസ്ഥൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വിമാനത്താവളം വരെയുള്ള ഉദ്യോഗസ്ഥൻ്റെ യാത്രാ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഉദ്യോഗസ്ഥനെ കാണാതായതായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥൻ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ ഉദ്യോഗസ്ഥൻ്റെ പേര് വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുൻപ് കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്‌സി) സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.

അതേസമയം, ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഉദ്യോഗസ്ഥൻ്റെ തിരോധാനത്തിനും ഇഡി നടപടികൾക്കും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം തുടരുകയാണ്.

Related Posts