നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപവീതം നിക്ഷേപിച്ച് എം കെ സ്റ്റാലിൻ സർക്കാർ. ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് 1.31 കോടി കൈമാറിയത്. പ്രതിമാസം ആയിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകുകയായിരുന്നു. കൂടാതെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറിയതോടെയാണ് ആകെത്തുക 5000 ആയത്.

‘സ്റ്റാലിൻ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് നൽകിയ ഉറപ്പാണ് അവകാശത്തുക. തടസം ആര് സൃഷ്ടിച്ചാലും അതിൽ നിന്ന് പിന്നോട്ടു പോകില്ല. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാരത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അഡ്വാൻസ് തുകയായ 3000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2000 രൂപയും ചേർത്ത് 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്നുരാവിലെ 5000 രൂപവീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട് എം കെ സ്റ്റാലിൻ വ്യക്തമാക്കി.

‘സ്ത്രീകളുടെ പിന്തുണയോടെ അടുത്ത പ്രാവശ്യവും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1000 രൂപയെന്നത് 2000 രൂപയായി ഉയർത്തും. നമ്മൾ ഒന്നായി വിജയിക്കും. എൻ്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന ഉറപ്പാണിത്. ‘ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Related Posts