ബെംഗളൂരു സ്ഫോടനക്കേസിലെ അന്തിമവാദ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅ്ദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റെ ഉത്തരവ്.

16 വർഷമായി തുടരുന്ന കേസിൽ വിധി പറയുന്നതിന് തൊട്ടുമുമ്പാണ് വിചാരണക്കോടതി മാറ്റിയത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മഅ്ദനി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇതേ കേസിലെ മറ്റൊരു പ്രതിക്ക് അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് തനിക്കും ബാധകമാക്കണമെന്നായിരുന്നു മഅ്ദനിയുടെ ആവശ്യം. ആവശ്യം പരിഗണിച്ചാണ് കേസിലെ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്.

കേസ് നടപടികൾ ഇനിയും നീളരുതെന്നും 16 വർഷമായി വിചാരണ തുടരുകയാണെന്നും മഅ്ദനിക്കായി ഹാജരായ അഭിഭാഷകരായ ഹാരിസ് ബീരാനും അസർ അസീസും കോടതിയിൽ വാദിച്ചു. തുടർന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ അന്തിമവാദം പൂർത്തിയാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

Related Posts