മഹാരാഷ്ട്രയിലെ താനെയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ കൊല്ലപ്പെട്ടു. അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ്, അബ്ദുൽ ഹസൻ ഷെയ്ഖ് എന്നിവർക്കാണ് വെടിയേറ്റത്.
അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ചു മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കൈലാഷ് നഗറിലെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗീക അതിക്രമണത്തിന് ശ്രമിച്ചിരുന്നു.
അക്രമികൾ ഇന്നലെയും യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്. കരസേനയിൽ സൈനികനായിരുന്നു ജയൻ എന്ന് പോലീസ് പറഞ്ഞു.