അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസ് സേനയിൽ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിധിക്ക് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2007ലാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്.
അന്വേഷണത്തിൽ പരിശോധനാ കാലയളവിൽ വരുമാനത്തേക്കാൾ 135.80 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇത്രയും സ്വത്ത് സമ്പാദിച്ചതിൻ്റെ വരുമാന സ്രോതസ് വ്യക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. സ്ഥലം വാങ്ങിയപ്പോൾ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി അറിയിച്ചു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള തച്ചങ്കരിയുടെ ഹർജികൾ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജീഷിൻ്റെ നേതൃത്വത്തിൽ വിചാരണ പൂർത്തിയാക്കിയത്.