നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൃഗശാല കൂടുതൽ വിശാലമായ വനമേഖലയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് മേയർ വി.വി. രാജേഷ് യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തിൽ രാഷ്ട്രീയ തർക്കം രൂക്ഷമായത്.

നഗരമധ്യത്തിലെ നിലവിലെ മൃഗശാല അപൂർവയിനം മൃഗങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് മേയർ ചൂണ്ടിക്കാട്ടിയത്. മൃഗങ്ങൾ ചത്തുപോകുന്ന സാഹചര്യങ്ങളും രോഗങ്ങൾ പടരുമ്പോൾ സമീപവാസികൾക്കുണ്ടാകുന്ന ആശങ്കകളും അദ്ദേഹം പരാമർശിച്ചു. മൃഗങ്ങൾ കൂട്ടിൽനിന്ന് പുറത്തുകടക്കുന്ന സാഹചര്യത്തിലും ജനങ്ങൾ ഭയപ്പെടുന്നുണ്ടെന്നും മേയർ പറഞ്ഞു.

പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ജയിലും നിലവിലെ സ്ഥലത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മേയർ അഭിപ്രായപ്പെട്ടു. ജയിൽ പൂജപ്പുരയിൽ സ്ഥാപിച്ച കാലത്തെ സാഹചര്യങ്ങളല്ല നിലവിലുള്ളതെന്നും നഗരവികസനത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts