ജെ.പി നഗറിൽ സ്വകാര്യ ക്ലിനിക്കിന് മുന്നിൽ 26കാരിയായ നഴ്സിന് നേരെ ഭർത്താവിൻ്റെ ക്രൂര ആക്രമണം. ആസിഡ് ഒഴിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായാണ് പരാതി. ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊൽക്കത്ത സ്വദേശിനിയായ മധുമിത അതേ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയാണ്. തമിഴ്നാട് സ്വദേശിയായ വെങ്കടേശനാണ് ഭർത്താവ്. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, പ്രഭാതഭക്ഷണത്തിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്തേക്കിറങ്ങിയ മധുമിതയെ മോട്ടോർസൈക്കിളിലെത്തിയ ഭർത്താവ് പിന്തുടർന്ന് ആശുപത്രി പാർക്കിങ് ഏരിയയിൽ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് വെങ്കടേശൻ മധുമിതയ്ക്ക് നേരെ ആസിഡ് ഒഴിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം കണ്ട് നാട്ടുകാരും വഴിയാത്രക്കാരും ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ കൈയിൽ വെട്ടുകത്തിയുണ്ടായിരുന്നതിനാൽ അടുത്തേക്ക് പോകാൻ ആളുകൾ ഭയപ്പെട്ടു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും തുടർന്ന് ഹൊയ്‌സള പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മധുമിതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ ജെ.പി നഗർ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.