കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിലെ അഗ്രഹാര ദാസറഹള്ളിയിൽ സംഘർഷം. യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘം അമിതവേഗത്തിൽ കാർ ഓടിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം.
രാജസ്ഥാൻ സ്വദേശിയായ 21കാരിയാണ് സംഭവത്തിലെ യുവതി. കുടുംബത്തിൻ്റെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ 23കാരനെ വിവാഹം കഴിച്ച യുവതി ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് യുവതിയെ തിരികെ കൊണ്ടുപോകുന്നതിനായി കുടുംബം നാലംഗ സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചതായാണ് വിവരം. ബുധനാഴ്ച രാത്രി യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവതിയെ വലിച്ചിഴച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ സംഘം കാർ അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ടുപോയി.
രക്ഷപ്പെടുന്നതിനിടെ അമിതവേഗത്തിൽ ഓടിച്ച കാർ കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയലക്ഷ്മിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷപ്പെടുന്നതിനിടെ കാർ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലും ഇടിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കാർ തടഞ്ഞുനിർത്തി നാല് പേരെയും പിടികൂടി പൊലീസിന് കൈമാറി. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.