ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ ഓർഗനൈസിങ് ഗ്രൂപ്പായ ക്രോസ് കണക്ഷൻസ് ട്രാവൽസിൻ്റെ ഈ വർഷത്തെ ക്രോസ് ട്രാവൽ പുരസ്കാരം സഞ്ചാര സാഹിത്യകാരനും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ ആർ അജയന്. “ചിനാറിൽ ഇളംമഞ്ഞ വെയിൽ ” എന്ന യാത്രാവിവരണ കൃതിക്കാണ് പുരസ്കാരം. 22222 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ജൂൺ ആദ്യആഴ്ച ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്രോസ് കണക്ഷൻസ് ഭാരവാഹികളായ പ്രദീപ് കാന്ധാരി, രാജേഷ് ജോസഫ് എന്നിവർ അറിയിച്ചു.
23 പുസ്തകങ്ങൾ രചിച്ചിട്ടുള്ള അജയൻ കള്ളിക്കാട് സ്വദേശിയാണ്. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി പ്രത്യേക പുരസ്കാരം, യൂണിസെഫ് കേസരി ഫെലോഷിപ്, മീഡിയ അക്കാദമി ഫെലോഷിപ്, യാത്രാപുസ്തകത്തിനുള്ള ക്രൂയിസ് കോമ്രേഡ് അന്താരാഷ്ട്ര പുരസ്കാരം, മികച്ച യാത്രാവിവരണത്തിനുള്ള സത്യജിത് റേ ഗോൾഡൻ ആർക് പ്രഥമ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.