ബെംഗളൂരുവിന് സമീപമുള്ള ചിക്കബല്ലാപുരിലെ ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫിസിയോതെറപ്പിസ്റ്റ് സായ് സുരഭി (26)യെ സഞ്ജീത് ഭീഷണിപ്പെടുത്തിയും മദ്യവും ലഹരിവസ്തുക്കളും മതംമാറ്റാൻ നിർബന്ധിച്ചിരുന്നതായി യുവതിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ സഞ്ജീത് അലി (25) ചികിത്സയിലാണ്. യുവതിയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചതിന് ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

കോളജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ബന്ധത്തെ കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് സുരഭി പിന്നീട് ആ ബന്ധത്തിൽ നിന്ന് അകന്നിരുന്നുവെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സുരഭിയും സഞ്ജീത് അലിയും ചിക്കബല്ലാപുരിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്. തിങ്കളാഴ്ച ചെക്ക്-ഔട്ട് സമയമായിട്ടും ഇരുവരും പുറത്തുവരാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് സുരഭിയെ കഴുത്തിൽ കയർ മുറുകിയ നിലയിൽ മരിച്ചുകിടക്കുന്നതും സഞ്ജീത് അലിയെ ബോധരഹിതനായി കണ്ടെത്തുകയും ചെയ്തത്.

ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് സഞ്ജീതിനെക്കുറിച്ചുള്ള പ്രാഥമിക നിഗമനം. അപകടനില തരണം ചെയ്ത ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ചിക്കബല്ലാപുര്‍ എസ്.പി. കുശാൽ ചൗക്സി അറിയിച്ചു.

Related Posts