രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന് 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2,951 രൂപയായി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയാണ് കുറവ് രേഖപ്പെടുത്തിയത്. ഡൽഹിയിലും ലഖ്‌നൗവിലും 183.50 രൂപയും, കൊൽക്കത്തയിൽ 174 രൂപയും, ചണ്ഡീഗഢിൽ 181.50 രൂപയും, പട്‌നയിൽ 173 രൂപയും വില കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞതാണ് വിലക്കുറവിന് പ്രധാന കാരണം. യുഎസും ഇറാനും തമ്മിൽ പുതിയ 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതും, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വാതക കപ്പൽഗതാഗതം സാധാരണ നിലയിലായതും ആഗോള വിപണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിൻ്റെ പ്രതിഫലനമായാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് വന്നത്.

Related Posts