എൻഎസ്എസ്-കെ (NSS-K) യശ്വന്തപുര കരയോഗത്തിൻ്റെ ‘കുടുംബ സംഗമം-2026’ ഓഗസ്റ്റ് 2-ന് സംഘടിപ്പിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും പാരമ്പര്യ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരു ടാറ്റാ നഗറിലെ ഭാരത് രത്ന ജെ.ആർ.ഡി. ടാറ്റാ ആർഡബ്ല്യുഎ ഹാളിൽ രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന പൊതുസമ്മേളനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരമ്പരാഗത കലാരൂപമായ ചാക്യാർകൂത്ത്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ കുടുംബസംഗമത്തിൻ്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
അക്കാദമിക്, കായിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് എല്ലാ കുടുംബാംഗങ്ങൾക്കും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി.നായർ, ട്രഷറർ വിക്രമൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കരയോഗം അംഗങ്ങളോടും കുടുംബാംഗങ്ങളോടും ചടങ്ങിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.