ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 18ന് നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തുമെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. കെ ജി ഹള്ളി, പുലികേശിനഗർ, ലിംഗരാജപുരം, ബാനസവാടി ട്രാഫിക് പൊലീസ് പരിധികളിലാണ് നിയന്ത്രണം.
കെ ജി ഹള്ളി, പുലികേശിനഗർ മേഖലകളിലൂടെയുള്ള ഘോഷയാത്ര സെപ്റ്റംബർ 18 രാവിലെ 11 മുതൽ സെപ്റ്റംബർ 19 പുലർച്ചെ 4 വരെ തുടരും. അതേസമയം ലിംഗരാജപുരം–ബാണസ്വാടി മേഖലയിൽ നടക്കുന്ന ഘോഷയാത്ര രാവിലെ 11 മുതൽ രാത്രി 10 വരെയായിരിക്കും. ഈ ഘോഷയാത്ര ഹലസൂരു തടാകത്തിലാണ് സമാപിക്കുക.
നാഗവാര മെയിൻ റോഡ്, ടാനറി റോഡ്, ഡേവിസ് റോഡ്, പോട്ടറി സർക്കിൾ, ക്ലാർക്ക് റോഡ്, റോജേഴ്സ് റോഡ്, ആംസ്ട്രോങ് റോഡ്, ഹാൾ റോഡ്, പോട്ടറി റോഡ് തുടങ്ങിയ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാഗവാര ജങ്ഷനിൽ നിന്ന് പോട്ടറി സർക്കിൾ റോഡിലേക്കുള്ള ഗതാഗതവും തടയും. അസെയ് റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതത്തിന് പകരം വാർ മെമ്മോറിയൽ ജങ്ഷനിൽ നിന്ന് സിന്ധി കോളനി ജങ്ഷൻ ഭാഗത്തേക്ക് മാത്രം വൺവേ ഗതാഗതം അനുവദിക്കും. മോസ്ക് ജങ്ഷൻ, ക്ലാരൻസ് ബ്രിഡ്ജ്, ലാസർ റോഡ്, ബുദ്ധവിഹാര റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.
ബാനസവാടി ഭാഗത്ത് ചന്ദ്രിക ജങ്ഷൻ, ലിംഗരാജപുരം, ഹെന്നൂർ ബ്രിഡ്ജ്, നെഹ്റു റോഡ്, ഉല്ലാസപ്പ ജങ്ഷൻ, കുവെമ്പു സർക്കിൾ, കല്യാൺ നഗർ 80 അടി റോഡ്, ബാണസ്വാടി മെയിൻ റോഡ്, ഐഒസി ബ്രിഡ്ജ് എന്നിവിടങ്ങളിലും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. അതേസമയം യെദിയൂർ തടാകത്തിലെ ഗണേശ വിഗ്രഹ നിമജ്ജനവും സെപ്റ്റംബർ 18, 22 തീയതികളിൽ അനുവദിക്കില്ല. തടാകത്തിലെ നിമജ്ജനകുളം നിറഞ്ഞതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.
പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രാ സമയം ക്രമീകരിക്കണമെന്നും ആവശ്യമായിടത്ത് ബദൽ പാതകൾ ഉപയോഗിക്കണമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.