മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധയുണ്ടായി ഒരേ കുടുംബത്തിലെ നാല് ആൺകുട്ടികൾ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. നാലാമത്തെയാൾ ബന്ധുവിൻ്റെ മകനാണെന്നാണ് വിവരം.
ആഗസ്ത് 16ന് തൻവീർ അഹമ്മദും കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം 16 പേർ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയിരുന്നു. മടങ്ങിയെത്തിയതിന് പിന്നാലെ കുടുംബത്തിലെ നിരവധി പേർക്ക് പനി, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.
14 വയസ്സുകാരനാണ് ആദ്യം ഗുരുതരാവസ്ഥയിലായത്. ചികിത്സയ്ക്കിടെ ഇയാൾ മരിച്ചു. പിന്നാലെ 19 വയസ്സുകാരനായ അയാസും മറ്റ് കുട്ടികളും രോഗബാധിതരായി. ചികിത്സ നൽകിയെങ്കിലും നാല് കുട്ടികളെയും രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചു. വെള്ളച്ചാട്ടത്തിൽ പോയ 62 പേരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദിനേഷ് ചന്ദ് ശുക്ല അറിയിച്ചു. വെള്ളച്ചാട്ടത്തിലെ വെള്ളത്തിൻ്റെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾക്കും അസുഖം കണ്ടെത്തിയതോടെ ഇവരെ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി. മരിച്ച കുട്ടികൾക്ക് നൽകിയ ചികിത്സയും രോഗബാധയുടെ കാരണവും അധികൃതർ പരിശോധിച്ചുവരികയാണ്.
അതേസമയം, മരണങ്ങൾക്ക് വെള്ളച്ചാട്ടത്തിലെ വെള്ളമാണ് കാരണമെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലങ്ങളും അന്വേഷണ റിപ്പോർട്ടും ലഭിച്ചതിന് ശേഷമേ രോഗബാധയുടെയും മരണങ്ങളുടെയും യഥാർഥ കാരണം വ്യക്തമാകൂ.