ബെംഗളൂരു ഹെബ്ബാൾ എൽ & ടി റെയിൻട്രീ ബൂൾവാർഡിലെ മലയാളി കൂട്ടായ്മയായ ആർ.ടി.ബി കൈരളിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 11 മണി മുതൽ രാത്രി 8.30 വരെ നീളുന്ന ആഘോഷത്തിന് ചെണ്ടമേളത്തോടെ തുടക്കമാകും.
ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ പരമ്പരാഗത ഓണസദ്യ ഉണ്ടായിരിക്കും.വൈകുന്നേരം 4 മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഓണക്കളികളും വിനോദ മത്സരങ്ങളും, നൃത്തം, ഗാനാലാപനം, തിരുവാതിര, മോഹിനിയാട്ടം തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും. ആഘോഷത്തിന് മാറ്റുകൂട്ടാൻ ലൈവ് മ്യൂസിക് ബാൻഡ് സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിൻ്റെ മുഖ്യാതിഥിയായി കർണാടക ബാംഗ്ലൂർ വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ പങ്കെടുക്കും. ഓണത്തിൻ്റെ സന്തോഷവും കേരളത്തിൻ്റെ സംസ്കാരവും പങ്കുവെച്ച് റെയിൻട്രീ ബൂൾവാർഡിലെ താമസക്കാരെ ഒരുമിപ്പിക്കുന്ന സൗഹൃദവേദിയാക്കുകയാണ് ആഘോഷത്തിൻ്റെ ലക്ഷ്യമെന്ന് ഭാരവാഹികളായ അനിൽ പാപ്പച്ചൻ, ഡോ.അഞ്ജലി കിരൺ, ഗിരീഷ് ശങ്കരൻ, രതീഷ് ശങ്കർ, സുബി ഗിരീഷ്, ടിജോ എന്നിവർ അറിയിച്ചു.