ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗ് മാത്രം കൈവശം വച്ച് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ എൻട്രി-ലെവൽ ടിക്കറ്റ് ഇക്കോണമി ക്ലാസ് യാത്രക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെല്ലാം പുതിയ നിരക്ക് ലഭ്യമാകും.
ജൂലൈ 1 മുതൽ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ‘ഇൻഡിഗോ ലൈറ്റ്’ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ജൂലൈ 15 മുതലുള്ള യാത്രകൾ നടത്താം.
യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കി ടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വിലയ്ക്ക് മുൻഗണന നൽകുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം കഴിഞ്ഞ മാസം എയർ ഇന്ത്യ അവതരിപ്പിച്ച ‘ബേസിക് ഇക്കോണമി’ നിരക്കിന് പിന്നാലെയാണ്.
അന്താരാഷ്ട്ര വിപണിയിൽ ജെറ്റ് ഇന്ധനവിലയിലെ വർധന, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ, വ്യോമയാന മേഖലയിലെ കടുത്ത മത്സരം എന്നിവ വിമാനക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ചെലവ് കുറച്ച് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സേവനം നൽകാനുള്ള പുതിയ പദ്ധതികൾ എയർലൈനുകൾ അവതരിപ്പിക്കുന്നത്.