മൈസൂരുവിൽ മയക്കുമരുന്ന് വിൽപ്പന കൂടുന്ന സാഹചര്യത്തിൽ ഡ്രോൺ പരിശോധന തുടങ്ങി പോലീസ്. സിറ്റി പോലീസ് മയക്കുമരുന്നിനെതിരേ ആരംഭിച്ച ‘വിമുക്തി’ കാംപെയിനിൻ്റെ ഭാഗമായിട്ടാണ് ലഹരിയെ പിടിച്ചുകെട്ടാൻ പോലീസ് ഡ്രോൺ പരിശോധന തുടങ്ങിയത്. എത്തിച്ചേരാൻ പ്രയാസമുള്ള കോളനികളിലും ഇടുങ്ങിയ പാതകളിലും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും.
സിറ്റി പോലീസ് മുമ്പ്, ഗതാഗത നിരീക്ഷണത്തിനും മറ്റും ഡ്രോൺ ക്യാമറ നിരീക്ഷണം നഗരത്തിൽ നടത്തിയിരുന്നു. ഇതിലൂടെ നിരവധി നിയമലംഘനങ്ങളും പ്രതികളേയും പിടികൂടാൻ സാധിച്ചു. ഈ പരീക്ഷണം തീർത്തും വിജയകരമായതിനെത്തുടർന്നാണ് ലഹരി പരിശോധനയ്ക്കും സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സീമാ ലട്കർ അറിയിച്ചു.