പത്തനംതിട്ട കോന്നി പാറമടയിലുണ്ടായ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കടിയിൽ ഒരാൾ കൂടി കുടുങ്ങിക്കിടപ്പുണ്ട്. പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പാറ ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.
2 തൊഴിലാളികൾ കൂടി പാറ ഇടിഞ്ഞു വീണതിൻ്റെ മറുവശത്ത് കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു തൊഴിലാളികൾ. പണി നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറകൾ വീണാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 3 മണിയോടുകൂടിയായിരുന്നു അപകടം.
ഷിഫ്റ്റ് പ്രകാരം ഉച്ചഭക്ഷണം കഴിച്ച് ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. ഏറെ പ്രയാസകരമാണ് അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക എന്നത്. പൊലീസും ഫയർ ഫോഴ്സും അടക്കം വിവരമറിഞ്ഞ് ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല.