ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്‍റെ മകള്‍ സോനാ എല്‍ദോസിന്‍റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍.
സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് ഇതിനു പിന്നാലെയാണ് കണ്ടെടുത്തത്. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. റമീസിന്‍റെയും കുടുംബത്തിന്‍റെയും നിര്‍ബന്ധം വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നായിരുന്നു.
രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് ഇതിനിടെ റമീസ് സോനയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു. സോനയുടെ പിതാവ് 3 മാസം മുന്‍പാണ് മരിച്ചത്. ബിന്ദു എല്‍ദോസാണ് സോനയുടെ മാതാവ്. സഹോദരന്‍: ബേസില്‍.