വിൽപത്രത്തിലെ ഒപ്പ് സംബന്ധിച്ച തർക്കത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്കമാണ് കേസായിരുന്നത്. പിതാവ് ആയ ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിൻ്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിൻ്റെ വാദം തെറ്റാണെന്ന് കണ്ടെത്തി വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകിരച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കെ.ബി.ഗണേഷ്കുമാറിൻ്റെ നിലപാടിന് അനുകൂലമായി റിപ്പോർട്ട്.
ഈ തർക്കത്തിൻ്റെ പേരിൽ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി. ഗണേഷ് കുമാറിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ തുടക്കത്തിൽ താൽപര്യം കാണിക്കാതിരുന്നത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് ഗണേഷ് കുമാറിനു മന്ത്രി സ്ഥാനം ലഭിച്ചത്.’സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം.. എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ.. സത്യം ഇപ്പോഴും മറഞ്ഞിരിക്കും.. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ. കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുക. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും. എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം’. തനിക്ക് എതിരായ ആരോപണം ശരിയല്ലെന്ന തെളിഞ്ഞ സാഹചര്യത്തിൽ കെ.ബി. ഗണേഷ് ഫേസ് ബുക്കിൽ ഇങ്ങനെ കുറിപ്പ് എഴുതിയിരുന്നു,