കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചയിലേക്ക് മാറ്റി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചതെങ്കിലും കോടതി മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. കോടതിയിലെ ശക്തമായ വാദപ്രതിവാദത്തിൽ ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒരു ചെറുപ്പക്കാരൻ്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നും ഇങ്ങനെയുള്ള ഈ അപൂർവ്വമായ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൃത്യം നടപ്പാക്കിയത്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. അതിനായി പരിശോധനകൾ നടത്തി. കൊലപാതകം അവിചാരിതമല്ല, മുൻകൂട്ടി നിശ്ചയിച്ചതാണ്. ഷാരോണിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തതെന്നും വിദ്യാസമ്പന്നയായ ഗ്രീഷ്മ അത് ദുരുപയോഗം ചെയ്തതാണെന്നും പ്രതിക്ക് മനസ്താപം ഉണ്ടാകില്ലെന്നും അതുകൊണ്ട് ഒരു ദയയും പ്രതി അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒരു കത്താണ് കോടതിക്ക് നൽകിയത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത് തനിക്ക് 24 വയസ് ആണ് പ്രായമെന്നും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം സർട്ടിഫിക്കറ്റുകളും കോടതിയിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷാരോൺ വധക്കേസിൽ ആസൂത്രണത്തോടെ ഗ്രീഷ്മ കാമുകനെ വകവരുത്തിയതാണെന്ന് കോടതി കണ്ടെത്തിയത്. സൂത്രധാരനും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കുമെന്നാണ് അറിയിച്ചത്. പിന്നീട് മാറ്റുകയായിരുന്നു. പാറശാല തേവിയോട് പൂമ്പളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് ജഡ്‌ജി എഎം ബഷീർ പറഞ്ഞു.

Related Posts