സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് പ്രത്യുൽപാദന ശിശു ആരോഗ്യ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2,13, 230 കുഞ്ഞുങ്ങളാണ് കേരളത്തിൽ ജനിച്ചത്. 2023-24 വർഷം ഇതേ കാലയളിൽ ഇത് 2,51,505 ഉം 2022-23 വർഷം 2,82,906 മായിരുന്നു ജനനം. മുൻ വർഷങ്ങളിൽ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38,275 ഉം 31,401 ഉം കുട്ടികൾ കുറയുകയാണ് ഉണ്ടായത്. ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്‌ധർ പറയുന്നു. 2024 – 25 ൽ കാലയളവിൽ ആർ.സി.എച്ച് പോർട്ടലിൽ 2,16,326 ഗർഭിണികളാണ് രജിസ്റ്റർ ചെയ്തത്. 2023-24 ൽ 2,50,474 ഉം 2022-23 ൽ 2,90,689 ഉം പേർ രജിസ്റ്റർ ചെയ്തു. വിവിധതരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സർക്കാർ തുടരുമ്പോഴും 11 ശതമാനം കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല.

2024 ഏപ്രിൽ-നവംബർ കാലയളവിൽ ജനിച്ച 89 ശതമാനം കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. ഈ കാലയളവിൽ 90 ശതമാനം കുട്ടികൾ മീസിൽസ്-റുബല്ലാ വാക്സിൻ്റെ ഒന്നാംഘട്ടവും 84 ശതമാനം കുട്ടികൾ രണ്ടാം ഘട്ടവും പൂർത്തിയാക്കിയിട്ടുണ്ട്. 46 റൂബല്ല കേസുകളും റിപ്പോർട്ട് ചെയ്‌തതായും നാഷനൽ ഹെൽത്ത് മിഷൻ്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. 2024 നവംബർ വരെ കേരളത്തിൽ 511 കുട്ടികൾക്ക് മീസിൽസ് (അഞ്ചാം പനി) പിടിപെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മാത്യമരണ നിരക്ക് 2022-2023 ലെ 32 ൽ നിന്ന് 2023-24 വർഷത്തിൽ 30 ആയി കുറഞ്ഞിട്ടുണ്ട്. 2020-21ൽ ഇത് 51 ആയി കുറഞ്ഞിരുന്നു. കുഞ്ഞുങ്ങളോടുള്ള പുതുതലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് ജനനനിരക്ക് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 30 വയസ്സിൽ താഴെയുള്ളവരിൽ വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. ഗർഭഛിദ്രം നടത്തുന്നവർ വർധിച്ചതായും ഡോക്ടർമാർ പറയുന്നു. ഒരു കുട്ടി മതി എന്ന് കരുതുന്നവരാണ് കൂടുതൽ പേരും. വളർത്തൽ ബുദ്ധിമുട്ടാണെന്ന നിലപാടിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

Related Posts