കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കി. പ്രിയങ്ക ​ഗാന്ധി, രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. ബാരിക്കേഡ് ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും ശുദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് നേരത്തെ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

Related Posts