പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനുവേണ്ടി മന്ത്രി വീണാജോർജിനെ ബലിയാടാക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. ‘സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. വ്യക്തിപരമായി ആരോഗ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചാൽ സംരക്ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. പാവം സ്ത്രീ അവരെന്തു ചെയ്തു.
ഞങ്ങൾ അതൊന്നും അംഗീകരിച്ചുകൊടുക്കില്ല. സർക്കാർ സംവിധാനങ്ങളെയും വീണജോർജിനെയും ഞങ്ങൾ സംരക്ഷിക്കും’ അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിലെ വൻകിട കുത്തകകൾക്ക് സഹായം നൽകുക എന്നത് പ്രതിപക്ഷം ഡ്യൂട്ടിയായി ഏറ്റെടുത്തിരിക്കുകയാണ്. യുഡിഎഫ് നടത്തുന്നത് അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബഹളമാണ്. അധികാരഭ്രാന്താണ് കോൺഗ്രസിന്. മുന്നാമതും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായപ്പോഴുള്ള വെപ്രാളമാണെന്നും മന്ത്രി പറഞ്ഞു.
‘പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് സ്വകാര്യാശുപത്രികളെ സഹായിക്കാനാണ്. കേരളത്തിൽ വൻകിട കുത്തക കമ്പനികൾ ആശുപ്രതികൾ നിർമ്മിക്കുകയാണ്. സർക്കാർ മേഖല തകർന്നാൽ ഇവർക്ക് സഹായകമാകും. മന്ത്രി വീണാ ജോർജിനോട് അതിനുവേണ്ടിയാണ് ദേഷ്യം കാണിക്കുന്നത്. വെൻ്റിലേറ്ററിലാണ് കേരളത്തിലെ ആരോഗ്യമേഖല എന്നാണ് മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്. ഇങ്ങനെ അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് പറയാൻ പാടില്ല. സർക്കാർ ആരോഗ്യമേഖല വെന്റ്റിലേറ്ററിലാണ് എന്ന് വരുത്തിത്തീർത്താലേ സ്വകാര്യ മേഖലയ്ക്ക് ഗുണമുണ്ടാകു എന്നതിനാലാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. സ്വകാര്യാശുപത്രികൾക്കെതിരല്ല ഇടതുപക്ഷം.
ഡെങ്കി 2019 ൽ ബാധിച്ചപ്പോൾ ഞാൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗവ. ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധമില്ലാതെ 14 ദിവസം കിടന്ന ഞാൻ അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ജീവൻ രക്ഷിച്ചത്. മന്ത്രിമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജിയുണ്ട്. സർക്കാർ ആശുപത്രിയിൽ അത്രയും ഉണ്ടാകണമെന്നില്ല.’ മന്ത്രി പറഞ്ഞു.