പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്ത് ദിവസം വരെ ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള ഡ്രോൺ സബ്മറൈനാണ് പിടിച്ചെടുത്തതെന്നാണ് ഇറാൻ്റെ അവകാശവാദം. ഇതിനിടെ, ഇറാൻ്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖർഗ് ദ്വീപിലും ജസ്ക് മേഖലയിലും ശക്തമായ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നടപടികൾക്ക് മറുപടിയായി യുഎസ് സൈനിക സാന്നിധ്യമുള്ള മേഖലകളെയും ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

അതേസമയം, തങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്കെതിരെ അമേരിക്ക ഭീഷണി ഉയർത്തുന്നതായി ഇറാൻ ആരോപിച്ചു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിലെ സംഘർഷസാധ്യത വീണ്ടും വർധിച്ചിരിക്കുകയാണ്. ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചു.

യുഎസ് സൈന്യത്തിന് സൗകര്യങ്ങളൊരുക്കുന്ന കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങളിലെ എണ്ണക്കപ്പലുകൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമായിരിക്കുകയാണ്.

Related Posts